ചേലക്കര: രാജ്യത്തെ കർഷകർ കഴിഞ്ഞ പത്തുവർഷമായി പട്ടിണിയും പരിവട്ടവുമായാണ് ജീവിക്കുന്നതെന്ന് മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന പെതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉത്പന്നങ്ങൾക്ക് വിലയിടിച്ച് കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അദാനിയെപ്പോലുള്ള വൻകിട ഗ്രൂപ്പുകളെ സഹായിക്കാനാണ് കേന്ദ്രം മുൻകൈയെടുക്കുന്നത്.
പാൽ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രനീക്കം ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കും. വന്യമൃഗശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ കാർഷിക മേഖലയ്ക്ക് ആവശ്യമായ ഫണ്ടും നൽകുന്നില്ല. അധികാരത്തിൽ വരുന്നതിനുമുമ്പ് യുഡിഎഫ് പറഞ്ഞ വാക്കുകൾ ഒന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകസംഘം ജില്ലാ പ്രസിഡന്റ് എം. ബാലാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെകട്ടറി എ.എസ്. കുട്ടി, യു.ആർ. പ്രദീപ് എംഎൽഎ, എ.സി. മൊയ്തീൻ എംഎൽഎ, വർഗീസ് മാസ്റ്റർ, ടി.എ. രാമകൃഷ്ണൻ, ഡേവിസ് എന്നിവർ പ്രസംഗിച്ചു.